ലേബര്‍ റൂമിലേക്ക് കൊണ്ടു പോയി കര്‍ട്ടനിട്ട് മറച്ച ഒരു ബെഡില്‍ കിടത്തി…

ചെക്കപ്പിന് പോയതാണ് ഇന്ന് . കുഞ്ഞിന്റെ ചലനവും മറ്റും അറിയാൻ ഗ്രാഫ് നോക്കാൻ ലേബർ റൂമിലേക്ക് കൊണ്ടു പോയി .കർട്ടനിട്ട് മറച്ച ഒരു ബെഡിൽ കിടത്തി . ഉദരത്തിൽ എന്തൊക്കെയോ വയറുകൾ ചുറ്റിപ്പിണഞ്ഞു. ഒരു യന്ത്രത്തിൽ നിന്നും ഹൃദയമിടിപ്പ് പോലെ ശബ്ദം കേൾക്കാൻ തുടങ്ങി . എന്റെ കുഞ്ഞിന്റെ തുടിപ്പ്… പച്ച കർട്ടനപ്പുറം മറ്റൊരു ബെഡിൽ നിന്ന് അമർത്തിയ ഞരക്കങ്ങൾ.. അവിടെ ഒരു പെൺകുട്ടി പ്രസവിക്കാൻ പോകുകയാണ്. ഞരക്കങ്ങൾ ചെറിയ നിലവിളികളായി മാറി. സിസ്റ്റർമാർ അവൾക്ക് ധൈര്യം കൊടുക്കുന്നുണ്ട്. വേദനയുടെ പാരമ്യത്തിൽ ചിലമ്പിത്തെറിയ്ക്കുന്ന ദയനീയമായ കരച്ചിൽ .. എനിക്ക് കുളിർന്നു. രോമങ്ങൾ എഴുന്നു. തൊണ്ടക്കുഴിയിൽ കഠിനമായൊരു നൊമ്പരം വന്ന് കട്ടപിടിച്ചു നിന്നു. അവളുടെ ഓരോ കരച്ചിലിന്റെ അലയും എന്നെ വന്നു പൊതിയുന്നത് പോലെ . കണ്ണുകൾ നിറയുന്നുണ്ട്.. എന്റെ ദൈവമേ .. അവളുടെ വേദന കുറയ്ക്കേണമേ.. എത്രയും പെട്ടെന്ന് ആ കുഞ്ഞ് പുറത്ത് വന്നെങ്കിൽ..! ഞരമ്പുകൾ വലിഞ്ഞു പൊട്ടും പോലെയുള്ള അവളുടെ നിലവിളിയിൽ ഞാൻ വിറങ്ങലിച്ചു കിടന്നു. എന്റെ ആരുമല്ല..

ഞാൻ കണ്ടിട്ടു പോലുമില്ല .. എങ്കിലും ആ പച്ച കർട്ടനപ്പുറം വേദന കൊണ്ട് പുളയുന്നത് എനിക്ക് പ്രിയപ്പെട്ട ആരോ ആണെന്ന തോന്നൽ. പ്രസവ വേദന അവളിൽ നിന്ന് എന്റെ ഹൃദയത്തിലേക്ക് വ്യാപരിക്കുന്നത് പോലെ .. എഴുന്നേൽക്കാൻ കഴിഞ്ഞെങ്കിൽ.. അവളുടെ അരികിൽ ചെന്നിരുന്ന് കൈകളെടുത്ത് തലോടാനും നെറുകിൽ വാത്സല്യത്തോടെ ഒന്നു ചുംബിക്കാനും കഴിഞ്ഞെങ്കിൽ… വേദനയുടെ അടുത്ത കുത്തൊഴുക്കിൽ അവൾ അലറി കരഞ്ഞപ്പോൾ എന്റെ വയറ്റിലും നോവുണ്ടായി. വേദനയുടെ ഗ്രാഫ് കുന്നുപോലെ ഉയരുന്നത് പ്രിന്റിങ് ഷീറ്റിൽ കണാമായിരുന്നു. കയ്യും കാലുമൊക്കെ വിറയ്ക്കുന്നുണ്ട്. അവളുടെ അടുത്ത നിലവിളിക്കൊപ്പം ഞാനും ഒന്നേങ്ങിപ്പോയി. അപ്പോഴേക്കും ഡോക്ടർ വന്നു .

എന്തോക്കെയോ ശബ്ദങ്ങൾ.. കൂടെ ഒരു കുഞ്ഞു കരച്ചിലും.. ആ നിമിഷം, അറിയാതെ ഞാൻ ചിരിച്ചു പോയി .. സന്തോഷം കൊണ്ട് .. സമാധാനം കൊണ്ട് .. അവൾ പ്രസവിച്ചിരിക്കുന്നു! കുഞ്ഞിന്റെ കരച്ചിൽ നമ്മളെ ചിരിപ്പിക്കുന്ന ആ അപൂർവ്വനിമിഷത്തിന് ഞാനും സാക്ഷിയായിരിക്കുന്നു! എന്നെ യന്ത്രങ്ങളിൽ നിന്ന് മോചിപ്പിക്കാൻ വന്ന സിസ്റ്ററെ ഞാൻ ഉത്ക്കണ്ഠയോടെ നോക്കി . ‘സുഖപ്രസവം. പെൺകുഞ്ഞ്..’ സുഖപ്രസവം എന്ന് പറയുന്നത് കേട്ടപ്പോൾ എനിക്ക് വീണ്ടും ചിരി വന്നു . ലേബർ റൂമിന് പുറത്തേക്ക് വരുമ്പോൾ ഞാൻ ഒന്നുകൂടി തിരിഞ്ഞു നോക്കി . ഇല്ല.. അവളെ എനിക്ക് കാണാൻ കഴിയില്ല.കർട്ടനപ്പുറം ഒരു ജീവനെ പകുത്ത് നൽകി അവൾ തളർന്നു കിടക്കുകയാവണം…

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!